Sports
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താനുള്ള നീക്കവുമായി ഐസിസി. 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്. അതിനാൽ പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്.
Sports
ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 253 റണ്‍സ് വിജലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി. വൈഭവ് സൂര്യവംശിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ നാല് പന്തുകള്‍ക്കിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. 98 പന്തില്‍ 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയാണ് ടോപ് സ്കോറര്‍. സൂര്യവംശി 22 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ ആയുഷ് മാത്രെ രണ്ട് പന്ത് നേരിട്ട് റണ്ണെടുക്കാതെ മടങ്ങി.
വാലറ്റത്ത് തകര്‍ത്തടിച്ച ആര്.എസ്. അബ്രീഷും (29), കനിഷ്ക് ചൗഹാനും (35), ഖിലന്‍ പട്ടേലും (21) ചേര്‍ന്നാണ് സ്കോർ 250 കടത്തിയത്. പാക്കിസ്ഥാനുവേണ്ടി അബ്ദുള്‍ സുബ്ഹാന് മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റ് വീഴ്ത്തി.
International
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്.
സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫ് ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം.
സൈനിക സ്ഥാപനങ്ങളെയും പോലീസിനെയുമാണ് ബിഎൽഎ ലക്ഷ്യം വച്ചത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്നി, മസ്തൂംഗ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്വറ്റയിൽ മാത്രം നാലു പോലീസുകാർക്ക് ജീവൻ നഷ്ടമായി.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചു.
Sports
ലാഹോർ: ഓസ്ട്രേലിയായ്ക്കെതിരായ ആദ്യ ടി20 പാക്കിസ്ഥാന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
ഇതോടെ പാക് പട 22 റൺസിന്റെ ജയം സ്വന്തമാക്കി. സ്കോർ: പാക്കിസ്ഥാൻ 168/8 ഓസ്ട്രേലിയ 146/8. ഓസീസിനായി കാമറൂൺ ഗ്രീൻ (36 ), സേവിയർ ബെർട്ട്ലെറ്റ് (31 ) എന്നിവർ മാത്രമാണ് തിളങ്ങിയത്. ട്രാവിസ് ഹെഡ് 23 റൺസ് നേടി.
നാലോവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ അബ്രാർ അഹമ്മദാണ് ഓസീസിനെ തകർത്തത്. ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയ സയീം അയ്യൂബാണ് (40 റൺസും രണ്ടു വിക്കറ്റും) കളിയിലെ താരം.
അയ്യൂബിനു പുറമെ സൽമാൻ അലി ആഘ (39), ബാബർ അസം (24) റൺസും നേടി. ഓസീസിന് വേണ്ടി ആദം സാംപ നാല് വിക്കറ്റും സേവിയർ ബെർട്ട്ലെറ്റ്, ബിയേഡ്മാൻ എന്നിവർ രണ്ട് വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ പാക്കിസ്ഥാൻ 1-0 മുന്നിലെത്തി.
International
വാഷിംഗ്ടണ്‍: 2025 മേയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ കടുത്ത സൈനിക നീക്കങ്ങള്‍ ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് താന്‍ തടഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2025ലെ തന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഇന്ത്യ-പാക് സമാധാന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും, ലോസ് ആഞ്ചലസ് വരെ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 350 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും റദ്ദാക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും പിന്മാറിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
2025 മേയ് മാസത്തില്‍ 'ഓപ്പറേഷന് സിന്ദൂര്‍' എന്നറിയപ്പെട്ട സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യം ഒരു വലിയ യുദ്ധത്തിലേക്ക് മാറുന്നത് തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.
യുദ്ധവിരാമ കരാറില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.
International
കറാച്ചി: പാക്കിസ്ഥാനിൽ ഹൈന്ദവ കർഷകൻ വെടിയേറ്റു മരിച്ചതിൽ പ്രതിഷേധം.
സിന്ധ് പ്രവിശ്യയിൽ ഒരാഴ്ച മുന്‍പുണ്ടായ സംഭവത്തിൽ കൈലാഷ് കോലി (19) എന്ന കുടിയാനെ ഭൂവുടമസ്ഥനായ സർഫറാസ് നിസാമണി വെടിവച്ചുകൊന്നുവെന്നാണ് ആരോപണം. നെഞ്ചിൽ വെടിയേറ്റ കോലി സംഭവസ്ഥത്തുന്നെ മരിച്ചുവീണു.
നിസാമണിയുടെ സ്ഥലത്ത് കുടിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.സംഭവസമയത്ത് നിസാമണി ലഹരിയിലായിരുന്നുവെന്ന് കോലിയുടെ ബന്ധുക്കൾ പറഞ്ഞു.
അധികാരത്തിൽ സ്വാധീനമുള്ള നിസാമണിയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈന്ദവസമുദായവും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധപ്രകടനങ്ങൾ നടത്തി; കോലിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിൽ പങ്കുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസാമണിയെ പിടികൂടാനായിട്ടില്ല.
Sports
ദുബായി: അണ്ടര്‍19 ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 90 റൺസിന്റെ കൂറ്റൻ വിജയം. 241 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്തായി.
സ്കോർ: ഇന്ത്യ 240 (46.1) പാക്കിസ്ഥാൻ 150 (41.2). താരതമ്യേന ചെറിയ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്പടയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ പാക്കിസ്ഥാൻ അഞ്ചിന് 77 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
70 റൺസ് നേടിയ ഹുസൈഫ അഹ്സാനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്, കനിഷ് ചൗഹാന് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായിരുന്നു.
അർധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ (85) കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. കനിഷ്ക് ചൗഹാന് (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം. ദുബായില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് പുറത്തായി.
അർധസെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ കരുത്തിലാണ് ഇന്ത്യ മാന്യമായ സ്കോറിലെത്തിയത്. 82 പന്തിൽ 12 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 85 റൺസാണ് താരം അടിച്ചുകൂട്ടിയത്.
കനിഷ്ക് ചൗഹാന് (46), ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം, വൈഭവ് സൂര്യവന്‍ഷി അഞ്ച് റണ്‍സെടുത്ത് പുറത്തായി. നേരത്തെ മഴയെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നിഖാബ് ഷഫീഖ് രണ്ടും അലി റാസ, അഹമ്മദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
ദിസ്പുർ: ആസാമിൽ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ് അറസ്റ്റിലായത്.
പോലീസിന്റെ തുടർച്ചയായ നിരീക്ഷണത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുലേന്ദ്ര ശർമ, പാക്കിസ്ഥാൻ ചാര ഏജൻസിയുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധം പുലർത്തുകയും അവർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്തതായി അന്വേഷണ സംഘം പിടിയിലായി.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തെളിവുകൾ കണ്ടെടുത്തു. ചില വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ശർമയുടെ പാക്കിസ്ഥാൻ ബന്ധങ്ങളെക്കുറിച്ചുള്ള സംശയം ശക്തമാണെങ്കിലും അന്വേഷണം പൂർത്തിയാകുന്നതുവരെ അത് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അസമിലെ സോണിത്പൂരിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹരിചരൺ ഭൂമിജ് പറഞ്ഞു.
സുഖോയ് 30 സ്ക്വാഡ്രൺ ഉൾപ്പെടെയുള്ള പ്രധാന വ്യോമസേനാ യൂണിറ്റുകൾ പ്രവർത്തിക്കുന്ന തേസ്പൂരിലെ വ്യോമസേനാ സ്റ്റേഷനിൽ ജൂനിയർ വാറന്റ് ഓഫീസറായി ജോലി ചെയ്ത ശർമ, 2002 ൽ വിരമിച്ചു. തുടർന്ന് തേസ്പൂർ സർവകലാശാലയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം ശർമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
International
മോസ്കോ: പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച വൈകിയതിൽ പ്രതിഷേധവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുർക്ക്മെനിസ്ഥാന്റെ സ്ഥിരം നിഷ്പക്ഷതയുടെ 30-ാം വാർഷികം പ്രമാണിച്ച് വെള്ളിയാഴ്ച നടന്ന അന്താരാഷ്ട്ര ഫോറത്തിലാണ് പാക് പ്രധാനമന്ത്രിയുടെ വിചിത്ര പെരുമാറ്റം.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച 40 മിനിറ്റ് വൈകിയിരുന്നു. ഇതാണ് പ്രതിഷേധത്തിനു കാരണം.
പുടിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നു. അകത്തുകയറിയ പാക് പ്രധാനമന്ത്രി പത്ത് മിനിറ്റിനുള്ളിൽ കൂടിക്കാഴ്ച അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
International
ലാഹോർ: പാക്കിസ്ഥാനിൽ ജഡ്ജിയുടെ ചേംബറിൽ നിന്ന് ആപ്പിളും ഹാൻഡ് വാഷും മോഷ്ടിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പ്രവിശ്യാ പോലീസ്. രണ്ട് ആപ്പിളും ഒരു ബോട്ടിൽ ഹാൻഡ് വാഷുമാണ് സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ ലാഹോറിലെ ഇസ്ലാംപുര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജഡ്ജിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്മലിന്റെ ചേംബറിലാണ് മോഷണം നടന്നത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 380 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പാർലമെന്റ് പാസാക്കിയ പുതിയ ഭരണഘടനാ ഭേദഗതി രാജ്യത്തെ മുതിർന്ന ജഡ്ജിമാരിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചതായി റിപ്പോർട്ട്.
സൈനികമേധാവി ആസിം മുനീറിനു കൂടുതൽ അധികാരങ്ങൾ നല്‍കുന്നതിനൊപ്പം ജുഡീഷറി സംവിധാനങ്ങളിൽ പൊളിച്ചെഴുത്ത് നിർദേശിക്കുന്ന ഭേദഗതിയിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ജഡ്ജിമാരായ മൻസൂർ അലി ഷാ, അത്താർ മിനള്ള എന്നിവർ രാജിവച്ചു.
സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തി എന്നാരോപിച്ചാണു രാജി. സുപ്രീംകോടതി ജഡ്ജിമാർ ഇന്നലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രസിഡന്റ് ആസിഫ് അലി സർദാരി വ്യാഴാഴ്ച ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതോടെ സുപ്രീംകോടതിക്കു ഭരണഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ അവകാശമില്ലാതായി. പുതുതായി രൂപവത്കരിക്കുന്ന ഭരണഘടനാ കോടതിയായിരിക്കും ഇനി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുക. ഭരണഘടനാ കോടതി ചീഫ് ജസ്റ്റീസ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കിയെന്നും ജുഡീഷറിയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയെന്നും, രാജ്യത്ത് സീനിയോരിറ്റിയിൽ രണ്ടാമതുള്ള ജഡ്ജിയായ മൻസൂർ അലി ഷാ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, സുപ്രീംകോടതി ജഡ്ജിമാർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചത്.
പാക് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സൈന്യത്തിനു കൂടുതൽ അധികാരം ലഭിക്കാനും ഭരണഘടനാ ഭേദഗതി കാരണമായി. കരസേനാ മേധാവി ആസിം മുനിർ സംയുക്ത സൈനികമേധാവിയായി ഉയർത്തപ്പെട്ടു. അദ്ദേഹത്തിന് ആജീവനാന്തം ക്രിമിനൽ വിചാരണയിൽനിന്ന് ഇളവ് ലഭിക്കും.
മേയിൽ ഇന്ത്യക്കെതിരേ നടന്ന യുദ്ധത്തിലെ പ്രകടനത്തിൽ ആസിം മുനീറിനുള്ള പ്രതിഫലമാണു ഭരണഘടനാ ഭേദഗതിയെന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഇന്നലെ പറഞ്ഞു.
പ്രതിപക്ഷ പീഡനവും മനുഷ്യാവകാശ ധ്വംസനങ്ങളും വ്യാപകമായ പാക്കിസ്ഥാനിൽ ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതിൽ പ്രതിപക്ഷത്തിനും വലിയ എതിർപ്പുണ്ട്.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സുരക്ഷാ ജാഗ്രത ഉയർത്തിയതായി റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇന്നും ബുധനാഴ്ചയും നോട്ടീസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്.
കരസേന, നാവികസേന, വ്യോമസേന എന്നിവയോട് ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാക് സെൻട്രൽ കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ-പാക് അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
Sports
ദുബായി: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറാന്‍ വഴിയൊരുങ്ങുന്നു. ദുബായിയിൽ ഐസിസി ബോർഡ് യോഗത്തിനിടെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയുമായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ കൂടിക്കാഴ്ച നടത്തി.
ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസി ഇടപെടൽ വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു. തർക്കപരിഹാരത്തിനു ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഐസിസി സിഇഒ സന്‍ജോഗ് ഗുപ്ത ഇടപെട്ടാണ് മൊഹ്സിന്‍ നഖ്വിയും ദേവ്ജിത് സൈക്കിയുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.
Sports
ദുബായി: ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി. സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന മത്സരങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളിലാണ് ഐസിസി നടപടിയെടുത്തത്.
നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളില്‍ വിലക്കേർപ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ദുബായില്‍ നടന്ന സൂപ്പര്‍ ഫോർ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ ശതകം നേടിയതിന് ശേഷം വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് സാഹിബ്സാദ ഫര്ഹാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് സഹിതം ഔദ്യോഗിക മുന്നറിയിപ്പും താരത്തിന് ലഭിച്ചു.
ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു ഹാരിസ് റൗഫ്. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കിയത് ബുംറയായിരുന്നു. പിന്നീട് ബുംറ നല്കിയ ഫ്ലൈറ്റ് സെന്‍ഡ് ഓഫ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഇതിനാണ് ബുംറയ്ക്കെതിരെ നടപടിയെടുത്തത്.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ ത്രിശൂൽ അറബിക്കടലിൽ പുരോഗമിക്കവേ സമാന നീക്കങ്ങളുമായി പാക്കിസ്ഥാൻ. അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാക്കിസ്ഥാൻ സമാന്തരമായി നാവിഗേഷൻ മുന്നറിയിപ്പ് പുറത്തിറക്കി.
ഇന്നു മുതൽ അഞ്ചു വരെയാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യ- പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഒക്ടോബർ 30ന് ആരംഭിച്ച ഇന്ത്യയുടെ ത്രിശൂൽ സൈനികാഭ്യാസം നവംബർ 10 വരെയാണ്.
ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി "നോട്ടാം' മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണഗതിയിൽ സൈനികാഭ്യാസം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ വൈമാനികർക്ക് നൽകുന്ന മുന്നറിയിപ്പാണിത്.
ഇതിന് സമാനമായാണ് ഇപ്പോൾ നാവികർക്ക് 'നോട്ട്മാർ' മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ ത്രിശൂലിൽ 25 യുദ്ധക്കപ്പലുകളും, 40ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്.
International
ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും.
ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താൽക്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന് ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു.
പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങൾ ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. എന്നാൽ നദിയുടെ ഒഴുക്ക് പൂർണമായി തടയാനുള്ള സൗകര്യം നിലവിൽ ഇന്ത്യക്കില്ല. എങ്കിലും ചെറിയ തടസങ്ങൾ പോലും പാകിസ്ഥാന്റെ കാർഷിക മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
International
ഗാസ പുനര്‍നിര്‍മാണം: 20,000 സൈനികരെ പാക്കിസ്ഥാന് ഗാസയിലേക്ക് അയയ്ക്കും
ഇസ്ലാമാബാദ്: യുദ്ധാന്തര ഗാസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനും പലസ്തീനുമിടയില്‍ സംരക്ഷണ സേനയെ പോലെ പാകിസ്ഥാന് സൈനികര്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഗാസയിലേക്ക് 20,000 സൈനികരെ പാക്കിസ്ഥാന് അയയ്ക്കും.
പ്രത്യുപകരമായി പാക്കിസ്ഥാന് വലിയ സാമ്പത്തിക പാക്കേജുകളും വായ്പകളും ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റേയും യുഎസ് സീക്രട്ട് സര്‍വീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസഥരും പാക് കരസേനാ മേധാവി അസിം മുനീറുമായി ഈജിപ്തില്‍ നടന്ന രഹസ്യ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നീക്കം.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയെയാണ് യുദ്ധാനന്തരം ഗാസയിൽ വിന്യസിക്കാൻ സാധ്യത. ഈ പശ്ചാത്തലത്തിലാണ് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും ഗാസയിലെ ഭാവി നിർണയിക്കുന്നതിൽ ഈ നീക്കം നിർണായക പങ്ക് വഹിച്ചേക്കാം.
International
അങ്കാറ: അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതിൽ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ. ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണം തുടരുന്നതെന്ന് വെളിപ്പെടുത്തൽ നടത്തിയത്. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ.
അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇസ്താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാക്കിസ്ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്ത പ്രതിരോധം തീർക്കാൻ വ്യവസ്ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു.
സമീപ മാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുവിക്കറ്റ് ജയം. പാക്കിസ്ഥാൻ ഉയർത്തിയ 68 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 12.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇതോടെ, ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: പാക്കിസ്ഥാൻ- 333 & 138, ദക്ഷിണാഫ്രിക്ക - 404 & 73/2.
42 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രമും 25 റൺസെടുത്ത റയാൻ റിക്കിൾട്ടണുമാണ് ദക്ഷിണാഫ്രിക്കൻ വിജയം വേഗത്തിലാക്കിയത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് നൊമാൻ അലിയാണ്.
നേരത്തെ, നാലിന് 94 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ രണ്ടാമിന്നിംഗ്സ് 138 റൺസിൽ അവസാനിച്ചിരുന്നു. ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (18), നൊമാൻ അലി (പൂജ്യം), ഷഹീൻ ഷാ അഫ്രീദി (പൂജ്യം), സൽമാൻ ആഘ (28), സാജിദ് ഖാൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം നഷ്ടമായത്.
വെറും 50 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറാണ് പാക് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ വാലറ്റത്തിന്റെ പോരാട്ടവീര്യത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 333 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 404 റൺസിന് പുറത്തായി. നിലവിൽ സന്ദർശകർക്ക് 71 റൺസിന്റെ നിർണായക ലീഡുണ്ട്.
അവസാന വിക്കറ്റുകളിൽ നങ്കൂരമിട്ട് പോരാടിയ സെനുരൺ മുത്തുസാമിയുടെയും (89) ഒമ്പതാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച കഗീസോ റബാഡയുടെയും (71) കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
റബാഡ 61 പന്തിൽ നാലു വീതം സിക്സറും ഫോറുമുൾപ്പെടെയാണ് 71 റൺസെടുത്തത്. അതേസമയം, 155 പന്തിൽ എട്ടു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് മുത്തുസാമിയുടെ ഇന്നിംഗ്സ്. എട്ടിന് 235 റൺസെന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 400 കടന്നത്.
നാലിന് 185 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൈൽ വെരെയ്ൻ (10), ട്രിസ്റ്റൺ സ്റ്റബ്സ് (76), സൈമൺ ഹാർമർ (രണ്ട്), മാർക്കോ യാൻസൺ (12) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുത്തുസാമിയും കേശവ് മഹാരാജും (30) ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 300 കടന്നതിനു പിന്നാലെ കേശവിനെ നഷ്ടമായെങ്കിലും റബാഡയുമായി ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 400 കടത്തിയത്.
പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി 79 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. നൊമാൻ അലി രണ്ടുവിക്കറ്റും ഷഹീൻഷാ അഫ്രീദി, സാജിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലാഹോർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് 93 റൺസ് ജയം. 277 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 183 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: പാക്കിസ്ഥാന് 378, 167, ദക്ഷിണാഫ്രിക്ക 269, 183.
54 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും 45 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണും മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയത്. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ക്രീസിലെത്തിയത്.
29 റണ്‍സോടെ റിയാന്‍ റിക്കിള്‍ടണും 16 റണ്‍സോടെ ടോണി ഡി സോര്‍സിയുമായിരുന്നു ക്രീസില്‍. എന്നാല്‍ തുടക്കത്തിലെ തന്നെ ടോണി ഡി സോര്‍സിയെ ഷഹീന് അഫ്രീദി മടക്കി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്സും (രണ്ട്) മടങ്ങിയതോടെ 55/4 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക പതറി.
തുടർന്ന് ബ്രെവിസും റിക്കിള്‍ടണും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനുവേണ്ടി ഷഹീന് അഫ്രീദിയും നോമാന്‍ അലിയും നാലും സാജിദ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇതോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരന്പരയിൽ പാക്കിസ്ഥാൻ 1 - 0 മുന്നിലെത്തി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 20 മുതല്‍ റാവല്‍പിണ്ടിയില്‍ നടക്കും.
International
ന്യൂഡൽഹി: പാക്കിസ്ഥാന് എയർ ടു എയർ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്-പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയൊരു ഘട്ടം കുറിക്കുന്നതിന് പിന്നാലെ പാകിസ്ഥാന് അമേരിക്കയിൽനിന്ന് എഐഎം-120 അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ ടു എയർ മിസൈലുകൾ ലഭിക്കുമെന്ന് യുഎസ് യുദ്ധ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പാകിസ്ഥാനു നൽകുന്ന മിസൈലുകളുടെ കൃത്യമായ എണ്ണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
യുഎസ് യുദ്ധവകുപ്പ് പുറപ്പെടുവിച്ച പുതിയ ആയുധക്കരാറിൽ, റേതിയോൺ നിർമിച്ച മിസൈൽ വാങ്ങുന്നവരുടെ പട്ടികയിൽ പാക്കിസ്ഥാനെയും ഉൾപ്പെടുത്തുകയായിരുന്നു. യുകെ, ജർമിനി, ഓസ്ട്രേലിയ, ജപ്പാൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കും അമേരിക്ക മിസൈൽ നൽകും. 2030 മേയിൽ മിസൈൽ കൈമാറുമെന്നാണ് റിപ്പോർട്ട്.
യുഎസ്-പാക്കിസ്ഥാൻ ബന്ധത്തിൽ ഉണ്ടായ ശ്രദ്ധേയമായ പുരോഗതിയെത്തുടർന്നാണ് മിസൈൽ നൽകാൻ ധാരണ. കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡിസിയിൽ, പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായും അസിം മുനീറുമായും യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ ടീമുമായി വനിതാ ലോകകപ്പിലും ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചത്.
അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല.
മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ലെന്നു ബിസിസിഐ അറിയിച്ചു.
International
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനു പിന്നാലെ വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല.
പാക്കിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സർവീസുകളെയാണ് ഇത് ബാധിക്കുന്നത്.
ഏപ്രിൽ 22ന് 26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യോമപാത അടച്ചത്.
National
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒന്നിനേയും ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പാക് സൈനിക മേധാവി അസിം മുനീറിന് പരോക്ഷ മറുപടിയായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Sports
ന്യൂഡൽഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരത്തിനെതിരായ ഹർജി കോടതി പരിഗണിച്ചില്ല. ഹർജി വെള്ളിയാഴ്ച തന്നെ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് തള്ളി.
എന്തിനാണ് ഹർജി ഇത്രയും തിടുക്കത്തിൽ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റീസ് ജെ.കെ. മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാൽ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഞായറാഴ്ചയല്ലേ മത്സരം, അതിൽ തങ്ങൾ എന്തുചെയ്യാനാണ് എന്ന് ചോദിച്ച കോടതി മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കി.
പൂനയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന് തിരോദ്കറാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യതാത്പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും, കാഷ്മീര്‍ താഴ്വരയില് രാജ്യത്തെ പൗരന്മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാക്കിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന ബഹുരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരേ കളിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാക്കിസ്ഥാനിലോ, പാക്കിസ്ഥാൻ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്.
International
ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ജലവിതരണം ഇന്ത്യ നിർത്തിയാൽ നിർണായക പ്രതികരണം ഉണ്ടാകുമെന്നാണ് ഭീഷണി. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. സിന്ധു നദീജലം പാക്കിസ്ഥാന്റെ ജീവരക്തമാണെന്നും രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷഹബാസ് ഷെരീഫ്.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യയ്ക്ക് തെളിവ് സഹിതം വിവരം ലഭിച്ചതിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഇതോടെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഭീഷണി മുഴക്കി രംഗത്തെത്തിയത്.
Kerala
ന്യൂഡൽഹി: യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡറായ പർവതനേനി ഹരീഷ് വിമർശിച്ചു.
സമാധാനവും ബഹുമുഖത്വവും എന്ന വിഷയത്തിൽ ചർച്ച നടക്കവേ പാകിസ്ഥാൻ പ്രതിനിധിയുടെ പരാമർശങ്ങളിൽ മറുപടി പറയുകയായിരുന്നു ഇന്ത്യ. ഒരു വശത്ത് പക്വതയാർന്ന ജനാധിപത്യവും, കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും, ബഹുസ്വരതയുമായി ഇന്ത്യ നിലകൊള്ളുന്നു. മറുവശത്ത് മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണയ്ക്കുന്ന രാജ്യമായി പാക്കിസ്ഥാനും.
ഏപ്രിൽ 22ന് ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും അദ്ദേഹം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരുമെന്നും ഓപ്പറേഷൻ സിന്ദൂർ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
National
ഇസ്ലാമാബാദ്: കോൺസുലാർ കരാർ പ്രകാരം ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 193 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 246 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്കാണ് പാക്കിസ്ഥാൻ ലിസ്റ്റ് നൽകിയത്. 81 പാക് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓൺ കോൺസുലാർ ആക്സസ് കരാർ വ്യവസ്ഥയനുസരിച്ച് ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇടയിൽ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയവരേയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവിൽ വിട്ടയയ്ക്കും.